എവിയാൻ-ലെ-ബൈൻസ് (ഫ്രാൻസ്): ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. ഇറാനുമായുള്ള സമാധാന കരാർ നടപ്പാക്കുന്ന സാഹചര്യത്തിൽ നാവികരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ സൈനിക ആക്രമണത്തിൽ ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മോദി വിഷയം ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്മർദങ്ങൾ നേരിട്ട ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ ബന്ധം വിപുലപ്പെടുത്തുന്നതിനും ഇരുനേതാക്കളും ഊന്നൽ നൽകി.
ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയ്ക്ക് നേരെ ആരെങ്കിലും ആക്രമണം നടത്തിയാൽ അമേരിക്ക ഇന്ത്യയെ സംരക്ഷിക്കുമെന്ന ഉറപ്പും നൽകി.
ഫ്രാൻസിലെ എവിയാൻ-ലെ-ബൈൻസിൽ നടന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ പ്രാദേശികവും ആഗോളവുമായ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു.





