ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് നമോ ഭാരത് സെമി-ഹൈസ്പീഡ് റെയിൽ സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായി. ഇരു സംസ്ഥാന സർക്കാരുകളും നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (NCRTC) തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ഡൽഹിയിലെ സരായ് കാലേഖാനിൽ നിന്ന് മീററ്റിലെ മോദിപുരം വരെയുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള നമോ ഭാരത് കോറിഡോർ ഋഷികേശിലെ ലക്ഷ്മൺ ഝൂല വരെ 150 കിലോമീറ്റർ കൂടി നീട്ടും.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന നമോ ഭാരത് ട്രെയിൻ സർവീസ് നിലവിൽ വന്നാൽ ഡൽഹിയിൽ നിന്ന് മീററ്റ് വഴി ഋഷികേശിലേക്കുള്ള ഏകദേശം 230 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറിനുള്ളിൽ പിന്നിടാനാകും. നിലവിൽ റോഡ് മാർഗം ഈ യാത്രയ്ക്ക് വേണ്ടിവരുന്ന സമയത്തിൻ്റെ ഏകദേശം പകുതി മാത്രമേ പുതിയ പദ്ധതിക്ക് ആവശ്യമായി വരുന്നുള്ളൂ.
പുതിയ 150 കിലോമീറ്റർ പാതയ്ക്കായുള്ള സർവേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമായാൽ ഉത്തരാഖണ്ഡിലേക്കുള്ള വിനോദസഞ്ചാരത്തിനും തീർഥാടന യാത്രകൾക്കും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.





