ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ഗാന്ധിനഗർ ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും വിവിധ വികസന പ്രവർത്തനങ്ങളുടെയും പുരോഗതി അവലോകനം ചെയ്തു. കാലവർഷം വൈകിയ സാഹചര്യത്തിൽ ഉണ്ടാകാവുന്ന വെല്ലുവിളികൾ നേരിടുന്നതിനായി അടിയന്തര പ്രവർത്തന പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമിത് ഷാ ജില്ലാ വികസന ഏകോപന-നിരീക്ഷണ സമിതി (DISHA) യോഗത്തിൽ അധ്യക്ഷത വഹിച്ചു. സർക്കാർ പദ്ധതിയുടെ ഭാഗമായി കന്നുകാലി വിതരണം ലഭിക്കാൻ അർഹരായ കർഷകരെ കണ്ടെത്തുന്നതിനായി സർവേ നടത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പെൺകുട്ടികളുടെ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന പ്രവണത കുറയ്ക്കുന്നതിനായി ക്ലസ്റ്റർ സ്കൂളുകൾ സ്ഥാപിക്കണമെന്നും അമിത് ഷാ നിർദേശിച്ചു. വിവിധ ക്ഷേമ-വികസന പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.





