ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ്റെ വടക്കുകിഴക്കൻ മേഖലയിൽ 6.1 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ പാകിസ്താനിലെ നിരവധി നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
യു.എസ്. ജിയോളജിക്കൽ സർവേ (USGS) പ്രകാരം, അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാൻ പ്രവിശ്യയിലെ ജുറം ജില്ലയിൽ നിന്ന് 43 കിലോമീറ്റർ തെക്കായാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
പാകിസ്താൻ കാലാവസ്ഥാ വകുപ്പ് (PMD) ഭൂചലനത്തിൻ്റെ തീവ്രത 5.9 ആയി രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 6.35നാണ് ഭൂചലനം ഉണ്ടായതെന്നും, അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതനിരകളിലാണ് പ്രഭവകേന്ദ്രമെന്നും 178 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രദേശത്ത് സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.





