Kerala News

മുരിയാടിന്റെ പൊതുവഴികൾ സഞ്ചാര സൗഹൃദമാകുന്നു.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയുടെഭാഗമായി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ റോഡുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന കാടുകൾ യാത്രികർക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. പഞ്ചായത്തിനാകട്ടെ ഇതുവരെ പൊതുവഴിയിലെ പുല്ലുകൾ വെട്ടി വൃത്തിയാക്കുന്നതിനുള്ള പദ്ധതികളും ഇല്ലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് പുല്ലുവെട്ടിയിരുന്നു. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ വന്ന പുതിയ നിബന്ധനകളെ തുടർന്ന് ആ പ്രവർത്തനം ഏറ്റെടുക്കാൻ എൻ ആർ ജി വിഭാഗത്തിനും കഴിയാതെ വന്നു.
ഈ സാഹചര്യത്തിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് ക്ലീൻ ഗ്രീൻ എന്ന പുതിയ പദ്ധതിയിലൂടെ പൊതുവഴികൾ സഞ്ചാര സൗഹൃദമാക്കുന്നതിനു വേണ്ടി തയ്യാറെടുക്കുന്നത്. പദ്ധതിപ്രകാരം ഒരു വർഷത്തിൽ മൂന്നുപ്രാവശ്യമെങ്കിലും പഞ്ചായത്തിലെ പ്രധാന പൊതുവഴികളെല്ലാം പുല്ലുവെട്ടി വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനമാണ് ആവിഷ്കരിച്ചിട്ടുള്ളത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പണം നീക്കി വയ്ക്കുകയും പദ്ധതിക്കനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്ന് നടപടി ക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു
ആനുരുളി ബണ്ട് റോഡ് പരിസരത്തു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ തോമാസ് തൊകലത്ത്, മണി സജയൻ, കെ വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, പുല്ലൂർ ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡണ്ട് കെ എൻ ദിവാകരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിട്ടുള്ള അജിത, പരമു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ നിഖിത അനൂപ് സ്വാഗതവും. പഞ്ചായത്തംഗം റോസ്മി ജയേഷ് നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 17 വാർഡുകളിലും ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പൊതുവഴികൾ പുല്ലുവെട്ടി വൃത്തിയാക്കും. ഓരോ വാർഡുകൾക്കും നിശ്ചിത സമയപരിധി നിശ്ച്ചയി ച്ച് നൽകിയിട്ടുണ്ട്. ഒരു വർഷം മൂന്ന് പ്രാവശ്യമെങ്കിലും ഈ പ്രവർത്തി ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *