കൊച്ചി: സഞ്ചാരികൾ ഏറെ കാത്തിരുന്ന കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ജൂലൈ 19ന് ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു സർവീസ് ഉദ്ഘാടനം ചെയ്യുന്നതോടെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഒരു മണിക്കൂറിൽ പറന്നെത്താം. ജൂലൈ 20 മുതലാണ് സ്ഥിരം സർവീസ് ആരംഭിക്കുക. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർവീസ് യാഥാർത്ഥ്യമാകുന്നത്.
ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുമായാണ് രാജ്യത്തെ ഏക വാണിജ്യ സീപ്ലെയിൻ സർവീസ് തുടക്കം കുറിച്ചത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന കനേഡിയൻ നിർമിത വൈക്കിങ് DHC-6-400 ട്വിൻ ഓട്ടർ ആംഫിബിയൻ വിമാനമാണ് ഇവിടെ സർവീസിനായി ഉപയോഗിക്കുന്നത്. രണ്ട് പൈലറ്റുമാരും ഒരു കാബിൻ ക്രൂവും ഉൾപ്പെടെ 20 പേർക്ക് ഈ പ്ലെയിനിൽ യാത്ര ചെയ്യാൻ കഴിയും.
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് 45 മുതൽ 50 മിനിറ്റ് യാത്രാസമയം വേണ്ടിവരും. അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സർവീസ് നടത്താൻ സ്കൈഹോപ്പിന് ഇതിനോടകം തന്നെ അനുമതിയും ലഭിച്ചു.
സീപ്ലെയിൻ സർവീസിൻ്റെ രണ്ട് പൈലറ്റുമാരിൽ ഒരാൾ കോട്ടയം നെടുംകുന്നം സ്വദേശി അരുൺ ഗോപാണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ആംഫിബിയൻ വിമാനങ്ങൾ പറത്താൻ ലൈസൻസുള്ള ഇന്ത്യയിലെ ഏക പൈലറ്റാണ് അരുൺ ഗോപ്. അമേരിക്കയിലെ മയാമിയിൽ പരിശീലനം നേടിയ അദ്ദേഹം 6,500 മണിക്കൂറിലേറെ സീപ്ലെയിൻ പറത്തിയ അനുഭവസമ്പത്തുള്ളയാളാണ്.





