ന്യൂഡൽഹി: ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ (International Biology Olympiad) ഇന്ത്യൻ സംഘത്തിലെ നാല് അംഗങ്ങളും മെഡലുകൾ നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സംഘത്തിന് ഒരു സ്വർണ മെഡൾ ഉൾപ്പെടെ എല്ലാ അംഗങ്ങൾക്കും മെഡൽ നേടാനായതാണ് നേട്ടം.
ഭവ്യ ഗുൻവാൽ, സൗമിൽ മൈതി, നിഷിത് കലാനി, അന്മോൽ കുമാർ എന്നിവരുടെ പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു കൊണ്ട് സമൂഹമാധ്യമമായ എക്‌സിൽ (X) കുറിച്ചു.
മോളിക്യുലർ ബയോളജി, ബയോകെമിസ്ട്രി, അനിമൽ ഫിസിയോളജി, അനിമൽ മോർഫോളജി, സിസ്റ്റമാറ്റിക്സ്, പ്ലാൻ്റ് കമ്പ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിലെ ഇവരുടെ മികച്ച അറിവാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഈ വിജയം രാജ്യത്തിന് അഭിമാനകരമാണെന്നും ശാസ്ത്രരംഗത്ത് കൂടുതൽ യുവാക്കളെ മികവ് തെളിയിക്കാൻ ഇത് പ്രചോദിപ്പിക്കുമെന്നുമാണ് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടത്.





