തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് വൈകീട്ട് 7:00 മണി മുതല്‍ രാവിലെ 6:00 മണി വരെയുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചെക്ക് പോസ്റ്റുകളിലും പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും.
ട്രക്കിംഗ്, ക്യാമ്പിംഗ് & ടൂറിസം നിയന്ത്രണം
ജില്ലയിലെ മലയോര മേഖലകള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ്, വൈല്‍ഡര്‍നസ് ക്യാമ്പിംഗ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകളും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ടെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (ഡിടിപിസി) വനം വകുപ്പും പോലീസ് വകുപ്പും ഉറപ്പാക്കണം.
റോഡ് സുരക്ഷയും നിര്‍മ്മാണ മേഖലകളും
ദേശീയപാത, സംസ്ഥാനപാതകള്‍, മറ്റ് ജില്ലാ റോഡുകള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് വ്യക്തമായി കാണാവുന്ന വിധത്തില്‍ സുരക്ഷാ/ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്‌ലക്ടറുകളും അടിയന്തരമായി സ്ഥാപിക്കേണ്ടതാണ്. പിഡബ്ല്യുഡി (റോഡ്സ് & എന്‍എച്ച്), എന്‍എച്ച്എഐ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ അടിയന്തര പരിശോധന നടത്തി ഇത് ഉറപ്പുവരുത്തണം. റോഡുകളിലെ അപകടകരമായ കുഴികളും മറ്റ് തടസ്സങ്ങളും പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതാണ്.
അപകടകരമായ മരങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യല്‍
ശക്തമായ കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍/ ഫ്‌ലെക്‌സുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യേണ്ടതാണ്. റോഡരികിലും പൊതുഇടങ്ങളിലും അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെഎസ്ഇബിയ്ക്കും നിര്‍ദ്ദേശം നല്‍കി.
തീരദേശ ജാഗ്രതയും മല്‍സ്യബന്ധന നിരോധനവും
കനത്ത കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്.
കണ്‍ട്രോള്‍ റൂം ഏകോപനം
തൃശൂര്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെക്കൂടി അടിയന്തരമായി ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.





