കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്‌കാരങ്ങൾക്കായുള്ള ഉന്നതതല സമിതിക്ക് സമഗ്രമായ ശുപാർശകൾ സമർപ്പിക്കുമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അറിയിച്ചു.
ഓഗസ്റ്റ് 1, 2 തീയതികളിൽ ആലുവയിൽ നടന്ന എബിവിപിയുടെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് സമിതിക്ക് നൽകുകയെന്ന് എബിവിപി വ്യക്തമാക്കി.
ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (ജെ.പി.എസ്.സി), ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ (ബി.പി.എസ്.സി), കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെ.പി.എസ്.സി) എന്നിവ നടത്തിയ പരീക്ഷകളിലും പഞ്ചാബിലെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ആവർത്തിച്ച് ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നതിൽ സംഘടന ആശങ്ക രേഖപ്പെടുത്തി.
ഇത്തരം സംഭവങ്ങൾ പരീക്ഷാ സംവിധാനത്തിലുള്ള വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും വിശ്വാസം തകർക്കുന്നതാണെന്നും രാജ്യവ്യാപകമായി സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തപരവുമായ പരീക്ഷാ സംവിധാനം ഉറപ്പാക്കാൻ ശക്തമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.





