
ന്യൂഡൽഹി: ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിൻ്റെ അവിഭാജ്യ ഘടകമായി ആനകൾ തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ആന ദിനത്തോടനുബന്ധിച്ച് ആനകളുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തെ കാട്ടിലുള്ള ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലധികവും ഇന്ത്യയിലാണ് വസിക്കുന്നതെന്നും പറഞ്ഞു.
ആനകൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിനും അവയുടെ ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി രാജ്യത്ത് 33 ആന സംരക്ഷണ കേന്ദ്രങ്ങൾ (Elephant Reserves) നിലവിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആന സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന വനംവകുപ്പ് ജീവനക്കാർ, ശാസ്ത്രജ്ഞർ, മൃഗഡോക്ടർമാർ, പാപ്പാന്മാർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആനകൾ ഇന്ത്യയുടെ പാരിസ്ഥിതിക പൈതൃകത്തിൻ്റെ അഭേദ്യ ഘടകമാണെന്നും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




