
മധു നീലകണ്ഠൻ
ശാസ്ത്രത്തിൻ്റെ മൗലിക ചാലക ശക്തി ജിജ്ഞാസയാണ്. അറിയാനുള്ള കൗതുകം. ഡോ. എം പി പരമേശ്വരൻ കുട്ടിക്കാലം മുതൽ ഈ ജിജ്ഞാസയുടെ വഴിയിലൂടെയായിരുന്നു യാത്ര. വലുതായപ്പോൾ ശാസ്ത്രം അദ്ദേഹത്തിൻ്റെ പ്രവർത്തന മേഖലയുമായി. ശാസ്ത്രത്തിൽത്തന്നെയായിരുന്നു ആ ജീവിതം.
കുട്ടിപ്പരമേശ്വരനിൽ ജിജ്ഞാസയുടെ അതിപ്രസരം തന്നെയുണ്ടായിരുന്നു. കുഞ്ഞു മനസ്സു മുഴുവൻ പരീക്ഷണങ്ങളിലെ കൗതുകം നിറഞ്ഞതായിരുന്നു.ചിലതൊക്കെ ഭ്രാന്തൻപരീക്ഷണങ്ങളെന്ന് ആത്മകഥയിൽ അദ്ദേഹം പറയുന്നുണ്ടെങ്കിലും ഒക്കെ രസകരമാണ്. അടുപ്പ് കുട്ടിക്കാലം മുതൽ പരമേശ്വരൻ്റെ ഗവേഷണ മേഖലയായി. എൺപതുകളിൽ അടുപ്പ് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഗവേഷണ വിഷയമായതും കൂട്ടി വായിക്കാം.
എം പി പരമേശ്വരൻ്റെ അച്ഛൻ ആയുർവേദ വൈദ്യനായിരുന്നു. അതു കൊണ്ടു തന്നെ വീട്ടിൽ അഷ്ടാംഗഹൃദയവും സഹസ്രയോഗവുമടക്കം ഒട്ടേറെ ആയുർവേദ പുസ്തകങ്ങളുണ്ടായിരുന്നു. സഹസ്രയോഗത്തോട് പരമേശ്വരന് വലിയ പ്രിയമായി. ചൂർണവും എണ്ണയും നെയ്യും ആസവവും ലേഹ്യവും രസായനവുമടക്കം ആയിരത്തോളം ആയുർവേദ മരുന്നുകളുടെ ചേരുവകൾ അതിലുണ്ട്. അതു വായിച്ചു നോക്കിയ പരമേശ്വരൻ ഓരോന്നിൻ്റെയും അവസാനം കണ്ട ഫലശ്രുതി പ്രത്യേകം ശ്രദ്ധിച്ചു. ചിലതിൻ്റെ അടിയിൽ ബുദ്ധിവികാസത്തിനും നല്ലത് എന്നു കണ്ടതോടെ താൽപര്യമേറി.
ഇങ്ങനെയുള്ള മരുന്നിൻ്റെ ചേരുവകളിൽ മിക്കതിലും ബ്രഹ്മി, വയമ്പ്, കടുക് രോഹിണി, നായ്ക്കൊരണ വേര് എന്നിവ പൊതുവായുണ്ടെന്ന് കണ്ടെത്തി. അപ്പോൾ, ഇവയാണ് ബുദ്ധി വികാസത്തിന് കാരണമാകുന്നത് എന്ന് പരമേശ്വരൻ നിഗമനത്തിലെത്തി. അങ്ങനെയെങ്കിൽ, ഇവമാത്രം ചേർത്ത് മരുന്നുണ്ടാക്കിയാൽ അത് ബുദ്ധിവികാസത്തിന് കേമമാവില്ലേ എന്നായി ചിന്ത.ചിന്ത മൂത്ത് സ്വന്തമായി ഒരു മരുന്നുണ്ടാക്കാൻ തന്നെ തീരുമാനിച്ചു.
അച്ഛൻ്റെ കൂടെ വൈദ്യശാലയിലിരുന്ന് മരുന്നിൻ്റെ സ്വാദൊക്കെ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. കഴിച്ചു നോക്കിയതിൽ രസായന ത്തിൻ്റെ രുചിയായിരുന്നു ഇഷ്ടം. അതു കൊണ്ട് രസായനമാവാമെന്ന് തീരുമാനിച്ചു. വീട്ടിൽ അമ്മയും അച്ഛനും ചേർന്ന് മരുന്നുണ്ടാക്കുന്നതും കണ്ടിട്ടുള്ളതിനാൽ വേറെ ആരെയും തേടിയില്ല. ബുദ്ധി വികസിക്കുന്ന ഇനങ്ങളെല്ലാം ചേർത്ത് സ്വന്തം നിലയിൽ രസായനമുണ്ടാക്കി. പേരുമിട്ടു – ‘യുക്തിരസായനം’.കഴിക്കേണ്ട ഡോസും സ്വയം നിശ്ചയിച്ചു. ഭക്ഷണത്തിന് മുമ്പ് ഒരു ടീസ്പൂൺ. കഴിക്കാനും തുടങ്ങി. ആദ്യ ദിവസം വൈകിട്ടായപ്പോഴേക്കും വയറിളക്കം. മരുന്ന് നിർത്തിയില്ല. മൂന്നാം ദിവസമായപ്പോഴേക്കും അവശനായി. ‘ബുദ്ധി വികസി’ച്ചതിനാൽ ഇനിയും കഴിച്ചാൽ ഗുരുതരമാകുമെന്ന് തിരിച്ചറിഞ്ഞു. അതോടെ ആ പരീക്ഷണം അവസാനിച്ചു.
കേരള പൽപ്പൊടി മറ്റൊരു പരീക്ഷണമായിരുന്നു. ഈ പരീക്ഷണത്തിൽ അച്ഛനും പങ്കാളിയായി. ചിരട്ട കരിച്ചു പൊടിച്ച് അതിൽ കരയാമ്പു, കറുവപ്പട്ട, കുരുമുളക്, ഉപ്പ് എന്നിവയും പൊടിച്ചു ചേർത്തു. കുറേ പായ്ക്കറ്റ് ഉണ്ടാക്കി കമ്പോളത്തിൽ എത്തിയെങ്കിലും പിടിച്ചു നിന്നില്ല. പിന്നെ മറ്റൊരു ആയുർവേദ പൽപ്പൊടിയുണ്ടാക്കി. അത് വലിയ പ്രചാരണമൊന്നുമില്ലാതെ ഒരു ലക്ഷം ടൺ വിറ്റഴിച്ചു. നല്ല പ്രചാരണമുണ്ടായിരുന്നെങ്കിൽ അത് വലിയ ബിസിനസാകുമായിരുന്നു.
എൺപതുകളിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് അടുപ്പ് പരീക്ഷണം ആരംഭിച്ചത്. ഡോ. അച്യുതനും എം പി ചന്ദ്രനുമാണ് തുടക്കക്കാർ. അതു പിന്നെ എം പി പരമേശ്വരൻ ഏറ്റെടുത്തു. പരിഷത്ത് അടുപ്പ് പിന്നെ പ്രശസ്തി നേടി. എം പി സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അടുപ്പിൽ കളി തുടങ്ങിയിരുന്നു. അറക്കപ്പൊടി അടുപ്പിൻ്റെ വകഭേദങ്ങളായിരുന്നു പരീക്ഷണം. നീരോല്യാദി ഗുളിക, കടുക്ക മഷി എന്നിവ മറ്റു പരീക്ഷണങ്ങൾ.
അടുക്കള എം പി ക്ക് എന്നും പരീക്ഷണശാലയായിരുന്നു. അച്ഛൻ്റെയും അമ്മയുടേയും കൂടെ പാചക കലയിൽ പലവിധ മാതൃകകളും പരീക്ഷിച്ചു. റഷ്യയിൽ പഠനകാലത്തും അതു തുടർന്നു. വയസ്സായി വീട്ടിലിരിക്കുമ്പോഴും ഭാര്യയെ മാറ്റി എം പി അടുക്കള കയ്യടക്കി. അടുക്കള സർവകലാശാല തന്നെയാണെന്നാണ് എം പി യുടെ അഭിപ്രായം. എല്ലാ വിഷയങ്ങളും പഠിക്കാനുള്ള ഇടം. ഭൗതികം, രസതന്ത്രം, ജീവ ശാസ്ത്രം, ചരിത്രം, ഭൂമി ശാസ്ത്രം, അർത്ഥശാസ്ത്രം, മാനേജ്മെൻറ്, പാചക കല, സംസ്കാരം, ജെൻഡർ…. എല്ലാ വിഷയത്തിനും അടുക്കളയിൽ ഇടമുണ്ടെന്ന് എം പി പറയുമായിരുന്നു. അടുക്കള കേന്ദ്രീകൃതമായ പാഠത്തിന് കരട് കരിക്കുലങ്ങൾ പോലും തയ്യാറാക്കിയിട്ടുണ്ട്. അതു പക്ഷേ, ആരും പരീക്ഷിച്ചു നോക്കിയില്ല. എം പി യുടെ ആത്മകഥയായ ‘ കാലഹരണമില്ലാത്ത സ്വപ്നങ്ങളിൽ ഇതൊക്കെ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട എം പിക്ക് പ്രണാമം.
മധു നീലകണ്‌ഠൻ



