ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമക്കോപിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി (PCIM&H), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മീഷൻ (IPC) എന്നിവ ‘വൺ ഹെർബ്, വൺ സ്റ്റാൻഡേർഡ്’ പദ്ധതിയുടെ നടത്തിപ്പിനായുള്ള ധാരണാപത്രം (MoU) പുതുക്കി.
ആയുർവേദം, സിദ്ധ, സോവ-റിഗ്പ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന സസ്യജന്യ ഔഷധങ്ങൾക്ക് ഏകീകൃതവും ശാസ്ത്രീയവുമായ ഗുണനിലവാര മാനദണ്ഡങ്ങൾ വികസിപ്പിക്കുകയാണ് പുതുക്കിയ മൂന്ന് വർഷത്തെ ധാരണാപത്രത്തിന്റെ ലക്ഷ്യം.
ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ നടന്ന ചടങ്ങിൽ PCIM&H ഡയറക്ടർ ഇൻ-ചാർജ് ഡോ. കൗസ്തുഭ ഉപാധ്യായയും IPC സെക്രട്ടറി-കം-സയന്റിഫിക് ഡയറക്ടർ ഡോ. വി. കലൈശെൽവനും ധാരണാപത്രം കൈമാറി. കേന്ദ്ര ആയുഷ് സഹമന്ത്രിയും ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുമായ പ്രതാപ്‌റാവു ഗണപത്രാവു ജാദവ്, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊച്ച എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഏകീകൃത മാനദണ്ഡങ്ങൾ പരമ്പരാഗത ഔഷധങ്ങളുടെ ഗുണനിലവാരം, ശുദ്ധത, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം നിയന്ത്രണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ജാദവ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള ഇന്ത്യൻ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നത് ഇന്ത്യൻ ഔഷധസസ്യങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത നേടാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022ൽ ആരംഭിച്ച സഹകരണത്തിന്റെ തുടർച്ചയായാണ് ധാരണാപത്രം പുതുക്കിയത്. ആദ്യ ഘട്ടത്തിൽ 50 ഔഷധസസ്യങ്ങളുടെ മോണോഗ്രാഫുകൾ വികസിപ്പിച്ചിരുന്നു. വിവിധ പരമ്പരാഗത ചികിത്സാ സംവിധാനങ്ങളിൽ ഒരേ ഔഷധസസ്യത്തിന് ഏകീകൃത മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ജൈവവൈവിധ്യവും പരമ്പരാഗത വൈദ്യപൈതൃകവും സംരക്ഷിക്കുന്നതിനും പുതിയ സഹകരണം ലക്ഷ്യമിടുന്നു.





