
ഐഫോൺ വാങ്ങി കൊടുത്തില്ല; മഹാരാഷ്ട്രയിൽ 18കാരനും മാതാപിതാക്കളും മലമുകളിൽ നിന്ന് വീണ് മരിച്ചു
ഛത്രപതി സംഭാജിനഗർ: മൊബൈൽ ഫോൺ വാങ്ങുന്നതിനെച്ചൊല്ലി ഉണ്ടായ കുടുംബവഴക്ക് മഹാരാഷ്ട്രയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കി. ഛത്രപതി സംഭാജിനഗർ ജില്ലയിലെ തിസ്ഗാവിന് സമീപം ഖവ്ദ മലയിൽ നിന്ന് വീണാണ് 18കാരനും മാതാപിതാക്കളും മരിച്ചത്.
വിലകൂടിയ മൊബൈൽ ഫോൺ വാങ്ങണമെന്ന ആവശ്യത്തെച്ചൊല്ലി മാതാപിതാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് മലമുകളിലേക്ക് പോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഐഫോൺ വാങ്ങിയതിന് പിന്നാലെ അതിൻ്റെ തവണ അടയ്ക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മലമുകളിൽ എത്തിയ യുവാവ് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിനെ പിന്തിരിപ്പിക്കാൻ മാതാപിതാക്കളും നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ യുവാവിൻ്റെ പിതാവ് മകനെ പിടിച്ചുമാറ്റാൻ അടുത്തേക്ക് നീങ്ങി. ഇതിനിടെ യുവാവ് താഴേക്ക് വീണു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട് നിന്ന മാതാവും കൊക്കയിലേക്ക് ചാടി.
മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്ത് തുടർനടപടികൾക്കായി കൈമാറി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൊബൈൽ ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കം എങ്ങനെ ദാരുണമായ സംഭവത്തിലേക്ക് നയിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.



