
സഞ്ചാര യോഗ്യമായ റോഡ് അനുവദിച്ചു തരാത്തതിനെ തുടർന്ന് പാതയിൽ ഞാറ് നട്ടു പ്രതിഷേധം. മൂന്ന് പതിറ്റാണ്ടായി ഒരു റോഡിനു വേണ്ടി കാത്തിരുന്ന മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ഗ്രാമവാസികളാണ് ചെളിനിറഞ്ഞ റോഡിൽ ഞാറ് നട്ട് പ്രതിഷേധിച്ചത്.
ബാന്ധവ്ഗഡ് നിയമസഭാ മണ്ഡലത്തിലെ മണിക്പുരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കരിഗഢാരി ഗ്രാമത്തിലാണ് വേറിട്ട പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരുമടക്കം നിരവധി പേർ ഞാറ് കറ്റകളുമായി ചെളി നിറഞ്ഞ പാതയിലെത്തി. റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് പാതയിൽ നെൽച്ചെടികൾ നട്ടത്.
മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും കാരണം ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരവും അപകടകരവുമാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. വർഷങ്ങളായി അധികൃതരുടെ അവഗണന തുടരുകയാണെന്നും അടിയന്തരമായി സഞ്ചാരയോഗ്യമായ റോഡ് നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.




