ഈ വർഷത്തെ അമർനാഥ് തീർത്ഥാടനത്തോടനുബന്ധിച്ച് നടപ്പാക്കിയ സമഗ്ര ശുചിത്വ-മാലിന്യസംസ്‌കരണ സംവിധാനത്തിന് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ തീർത്ഥാടന മേഖലയിലെ ശുചിത്വ ക്രമീകരണങ്ങളെയും ശാസ്ത്രീയ മാലിന്യസംസ്‌കരണ മാതൃകയെയും പ്രത്യേകം പരാമർശിച്ചു.
ഓഗസ്റ്റ് 28ന് ഈ വർഷത്തെ അമർനാഥ് യാത്ര സമാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്.
ദുഷ്‌കരമായ ഹിമാലയൻ ഭൂപ്രദേശത്ത് ശുചിത്വവും മാലിന്യസംസ്‌കരണവും ഉറപ്പാക്കുന്നതിനായി വിവിധ വിഭാഗങ്ങൾ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.
വൻതോതിൽ തീർത്ഥാടകർ എത്തിയ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ പരിപാലനത്തിനും പ്രത്യേക പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ നടത്തിയത്.





