താഷ്കൻ്റ്: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ താഷ്കൻ്റിലെ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. താഷ്കൻ്റിൽ ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചതിൻ്റെ 60-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി ആദരമർപ്പിച്ചത്.
ശാസ്ത്രിയുടെ പേരിലുള്ള തെരുവിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്. താഷ്കൻ്റിലെ ഒരു പ്രാദേശിക സ്കൂളിനും ഇന്ത്യൻ കൾച്ചറൽ സെൻ്ററിനും അദ്ദേഹത്തിൻ്റെ പേര് നൽകിയിട്ടുണ്ട്.
തുടർന്ന് താഷ്കൻ്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയൻ്റൽ സ്റ്റഡീസ് സന്ദർശിച്ച പ്രധാനമന്ത്രി, സർവകലാശാലയിലെ മഹാത്മാഗാന്ധി സെൻ്ററിൽ ഇൻഡോളജിസ്റ്റുകളുമായും വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന പണ്ഡിതരുമായും സംവദിച്ചു.
കഴിഞ്ഞ എൺപത് വർഷമായി സർവകലാശാലയിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ഉസ്ബെക്ക് വിദ്യാർത്ഥികൾക്കായി ലാൽ ബഹദൂർ ശാസ്ത്രി ഹിന്ദി സ്കോളർഷിപ്പും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തിൻ്റെ ഭാഗമായി ഹിന്ദി പഠിക്കാൻ ഉസ്ബെക്ക് വിദ്യാർത്ഥികൾക്കിടയിൽ വലിയ താൽപര്യമാണുള്ളത്. ഹിന്ദിയിലും ഉസ്ബെക്കിലും 3,000ത്തിലേറെ വാക്കുകൾക്ക് സാമ്യതയുണ്ട്.




