India Kerala News

ബാലവേല: 3,800 കുട്ടികളെ രക്ഷപ്പെടുത്തി എൻസിപിസിആർ

ന്യൂഡൽഹി: 3,800ലധികം കുട്ടികളെ രക്ഷപ്പെടുത്തി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബാലവേലയിലേർപ്പെട്ട കുട്ടികളെയും മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയാകാൻ സാധ്യതയുള്ള കുട്ടികളെയും കണ്ടെത്തി രക്ഷപ്പെടുത്തിയാണ് എൻസിപിസിആർ പുനരധിവസിപ്പിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) നടത്തിയ രാജ്യവ്യാപക പ്രചാരണത്തിലൂടെയാണ് 3,800-ലധികം കുട്ടികളെ രക്ഷപ്പെടുത്തിയത്.

വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ എൻസിപിസിആർ ജൂൺ 12ന് ആരംഭിച്ച ‘പാൻ-ഇന്ത്യ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ’ പ്രചാരണം ഓഗസ്റ്റ് 31 വരെയാണ് നടത്തിയത്.

സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ, ജില്ലാ മജിസ്‌ട്രേറ്റുമാർ, തൊഴിൽ വകുപ്പുകൾ, പൊലീസ് അധികൃതർ തുടങ്ങിയവരുമായി ഏകോപിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ബാലവേലയും മനുഷ്യക്കടത്തും കൂടുതലായി നടക്കുന്ന കേന്ദ്രങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനകളും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കാൻ എൻസിപിസിആർ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.

രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം, രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ, പുനരധിവാസം, കുടുംബങ്ങളിലേക്ക് തിരിച്ചയയ്ക്കൽ, വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുകൊണ്ടുവരൽ, നഷ്ടപരിഹാരം തുടങ്ങിയ വിവരങ്ങൾ കൃത്യമായി സമർപ്പിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു.

പ്രചാരണത്തിൻ്റെ പുരോഗതി വിലയിരുത്തുന്നതിനും ഓരോ തലത്തിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എൻസിപിസിആർ ജില്ലാ ഭരണകൂടങ്ങളുമായി യോഗങ്ങളും നടത്തി. രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനൊപ്പം വിവിധ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും സമയബന്ധിതമായി ആക്ഷൻ ടേക്കൺ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനുമാണ് യോഗങ്ങളിൽ പ്രധാനമായും ശ്രദ്ധ നൽകിയത്.

ബാലവേല റിപ്പോർട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം, കുട്ടികളെ രക്ഷപ്പെടുത്തിയശേഷമുള്ള പുനരധിവാസം, വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുകൊണ്ടുവരൽ തുടങ്ങിയ വിഷയങ്ങളിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ ആശയവിനിമയ സംവിധാനങ്ങളിലൂടെയും എൻസിപിസിആർ ബോധവത്കരണം നടത്തി.

പ്രചാരണത്തിൻ്റെ ഭാഗമായി 3,800-ലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായും 575-ലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും എൻസിപിസിആർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *