രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്ന് പറയുന്നത് ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക മാറ്റത്തിനും വേണ്ടി പ്രവർത്തിക്കേണ്ട വിശുദ്ധമായ വേദികളാണ്. എന്നാൽ, ആധുനിക രാഷ്ട്രീയത്തിന്റെ ഗതിഗതികൾ പരിശോധിച്ചാൽ കാണാൻ കഴിയുന്നത്, തത്വചിന്തകൾക്കും ആശയങ്ങൾക്കും അപ്പുറം ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടങ്ങളായി പാർട്ടികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. പ്രാദേശിക തലം മുതൽ ദേശീയ തലം വരെ ഇന്ന് ഗ്രൂപ്പുകൾ സർവ്വവ്യാപിയായിരിക്കുന്നു.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വേദികളിൽ, സ്വന്തം ഗ്രൂപ്പിന്റെ മേധാവിത്വം സ്ഥാപിക്കാനുള്ള ചതുരംഗക്കളികളാണ് അരങ്ങേറുന്നത്. ആശയപരമായ ഐക്യത്തിന് പകരം താല്പര്യങ്ങളുടെ കൂട്ടുകെട്ടായി പാർട്ടികൾ മാറുകയും, പ്രാദേശിക തലത്തിൽപ്പോലും ചേരിതിരിവുകൾ സംഘടനയുടെ അടിത്തറ തോണ്ടുകയും ചെയ്യുന്നു. ജനക്ഷേമം പിറകിലേക്ക് തള്ളപ്പെട്ട് അവിടെ വ്യക്തിപൂജ മുൻനിരയിലേക്ക് വരുന്നു.
പാർട്ടിയുടെ നന്മയ്ക്കോ ലക്ഷ്യങ്ങൾക്കോ വേണ്ടിയല്ല ഇന്നത്തെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. മറിച്ച്, കുറച്ചുപേരുടെ സമ്പത്ത് വർദ്ധിപ്പിക്കാനും, പേരിനും പ്രശസ്തിക്കും, അധികാരം കൈക്കലാക്കാനുമുള്ള അത്യാഗ്രഹമാണ് ഇതിന് പിന്നിൽ. പാർട്ടിയുടെ കൊടിയും തോരണങ്ങളും പിടിക്കുന്ന സാധാരണ പ്രവർത്തകരെ വെറും കരുക്കളാക്കി മാറ്റിക്കൊണ്ട്, ഗ്രൂപ്പ് നേതാക്കൾ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ നേടിയെടുക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന ഇവർ, അഴിമതിയിലൂടെയും അനധികൃത പണപ്പിരിവിലൂടെയും സ്വത്ത് സമ്പാദിക്കുകയും ഏത് വിധേനയും സ്ഥാനമാനങ്ങൾ കൈക്കലാക്കാനുള്ള കുതന്ത്രങ്ങൾ മെനയുകയും ചെയ്യുന്നു. പാർട്ടിയുടെ പേരിൽ സ്വന്തം പേരും പ്രശസ്തിയും മാത്രം വളർത്തുന്ന ഇവർ യഥാർത്ഥത്തിൽ പാർട്ടിയെ ഉള്ളിൽ നിന്ന് കാർന്നുതിന്നുന്ന അർബുദമായി മാറുകയാണ്.
ഒരു പ്രസ്ഥാനത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് അധികാരത്തിന്റെ സുഖം നുകരുന്ന നേതാക്കളല്ല, മറിച്ച് പാർട്ടിക്കുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുന്ന സാധാരണ പ്രവർത്തകരാണ്. മഴയും വെയിലും വകവെക്കാതെ, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഇവരുടെ വിയർപ്പിലാണ് പല നേതാക്കളുടെയും രാഷ്ട്രീയ സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഗ്രൂപ്പ് രാഷ്ട്രീയം ശക്തിപ്പെടുമ്പോൾ ഈ അർപ്പണബോധമുള്ള പ്രവർത്തകർ പാർശ്വവൽക്കരിക്കപ്പെടുന്നു. അർഹതയുള്ളവന് അവസരങ്ങൾ നിഷേധിക്കപ്പെടുകയും, ഗ്രൂപ്പ് നേതാക്കളുടെ പാദസേവ ചെയ്യുന്നവർ മാത്രം പദവികളിലേക്ക് എത്തുകയും ചെയ്യുന്നു. നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്നവർക്ക് അവഗണനയും ഗ്രൂപ്പ് താൽപര്യങ്ങൾക്ക് വഴിപ്പെടാത്തവർക്ക് മാനസിക പീഡനങ്ങളുമാണ് ലഭിക്കുന്നത്. ഇത് രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.
സ്വന്തം ഗ്രൂപ്പിന്റെ തണലിൽ വളരുന്ന നേതാക്കൾ ജനങ്ങളെയും പാർട്ടിയെയും നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പുറമെ വിപ്ലവകരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും അകത്തളങ്ങളിൽ സ്വാർത്ഥ താൽപര്യങ്ങൾ മാത്രം നടപ്പിലാക്കുകയും ചെയ്യുന്ന ഇവരുടെ കാപട്യം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രസ്ഥാനത്തിന്റെ പവിത്രതയെ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി പണയം വെക്കുന്ന ഇത്തരം നേതാക്കൾ ചരിത്രത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണിത്. തത്വങ്ങളും ആദർശങ്ങളും വ്യക്തിപരമായ നേട്ടങ്ങൾക്കായി വിലപേശുന്ന ഇവർ, അണികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളാണ് പയറ്റുന്നത്. വിശ്വസ്തതയെയും സ്നേഹത്തെയും വെറും ചരക്കുകളായി കാണുന്ന ജനങ്ങൾ ഇവരുടെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ഗ്രൂപ്പുകൾക്കെതിരെ ഉയരുന്ന ജനരോഷം.
രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സമൂഹത്തെയും രോഗാതുരമാക്കുന്ന ഈ ഗ്രൂപ്പ് സംസ്കാരത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടിയിരിക്കുന്നു. പാർട്ടിക്കുവേണ്ടി അധ്വാനിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത യഥാർത്ഥ പ്രവർത്തകർ എക്കാലത്തും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. സ്വാർത്ഥ താൽപര്യങ്ങളുമായി വന്ന് പ്രസ്ഥാനത്തെ ചൂഷണം ചെയ്യുന്ന ഗ്രൂപ്പ് നേതാക്കളുടെ കാപട്യം മുഖം നോക്കാതെ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. പാർട്ടിയുടെ നന്മയ്ക്ക് വേണ്ടി ജീവിച്ചു തീർത്തവരെ അവഗണിക്കുന്ന ഇത്തരം നേതാക്കളുടെ മുഖത്ത് കാക്കലിച്ചു തുപ്പാനും, അവരുടെ വിഷം വമിക്കുന്ന വഴികൾ ചാണകം തളിച്ച് ശുദ്ധീകരിക്കാനും കാലം ആവശ്യപ്പെടുന്നു. വിഷം വമിക്കുന്ന ഇത്തരം രാഷ്ട്രീയ സംസ്കാരത്തെ വേരോടെ പിഴുതെറിഞ്ഞ്, അർഹതയുടെയും ആദർശത്തിന്റെയും യഥാർത്ഥ രാഷ്ട്രീയം തിരിച്ചുപിടിക്കാൻ ഓരോ ശുദ്ധമനസ്സുള്ള പ്രവർത്തകനും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു….





