
മത്സ്യബന്ധനത്തിനിടെ കോഴിക്കോട് തീരക്കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ മിസൈൽ ഇന്ത്യൻ നാവികസേനയുടേതാണെന്ന് സ്ഥിരീകരിച്ചു. ശത്രുരാജ്യങ്ങളുടെ റഡാറുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നാവികസേന ഉപയോഗിക്കുന്ന മിസൈലാണിതെന്ന് പരിശോധനയിൽ കണ്ടെത്തി.
നാവികസേനാ സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് മിസൈലിന്റെ സ്വഭാവവും ഉറവിടവും സ്ഥിരീകരിച്ചത്. സൈനിക പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി കടലിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മിസൈലിന് ഏറെ പഴക്കമുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
പുതിയാപ്പ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘രാജലക്ഷ്മി’ ബോട്ടിലെ തൊഴിലാളികൾക്കാണ് മിസൈൽ ലഭിച്ചത്. തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ വലയിൽ കുടുങ്ങിയ മിസൈൽ തൊഴിലാളികൾ കരയിലെത്തിക്കുകയായിരുന്നു.
കുതിപ്പിനായി ഉപയോഗിക്കുന്ന പ്രൊപ്പലന്റ് തീർന്ന നിലയിലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി. നാവികസേനാംഗങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ഏറെക്കാലം മുമ്പ് തൊടുത്തുവിട്ട മിസൈലാകാമെന്നാണ് വിലയിരുത്തൽ.
അവശേഷിച്ചിരുന്ന അപകടസാധ്യത ഒഴിവാക്കുന്നതിനായി എആർ ക്യാമ്പ് ഗ്രൗണ്ടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഷെൽ നിർവീര്യമാക്കി.




