കൊച്ചി: ചാനൽ ചര്‍ച്ചയിൽ നടത്തിയ വിദ്വേഷ പരാമർശ കേസിൽ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 5-ന് ചാനൽ ചര്‍ച്ചയ്ക്കിടെ ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതായി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോട്ടയം ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവയും ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകി, ഇതിന് പിന്നാലെ അദ്ദേഹം കോടതിയിൽ കീഴടങ്ങുകയായിരുന്നു.
റിമാൻഡിൽ കഴിയുന്ന ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 14 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപായി, ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.





