മുംബൈ: കേന്ദ്രസർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ രംഗത്ത്. ന്യൂഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളെയും നേതാക്കൾ ചോദ്യം ചെയ്തു. യുവാക്കളെ പാകിസ്ഥാനികളോടെന്നപോലെ കാണുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.
സർക്കാർ ജെൻ സി യുവാക്കളെ ഭയപ്പെടുകയാണെന്ന് ആരോപിച്ച് സിജെപി നേതാവ് അഭിജീത് ദിപ്‌കെ വെള്ളിയാഴ്ച രാത്രി എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യം സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും തടങ്കലിലായാലും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) എന്നിവ ചുമത്താൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ ആവശ്യമെന്ന് ദിപ്‌കെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) പിൻവലിക്കുക, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ നിഷ്പക്ഷമായ നടപടിക്രമം കൊണ്ടുവരിക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജന്തർ മന്തറിലേക്ക് കൂടുതൽ ആളുകൾ എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.





