മുംബൈ: മുംബൈയിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 4.5 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും മെഫെഡ്രോണും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ കൊലപാതകക്കേസിൽ ഉൾപ്പെട്ടവരും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമാണെന്ന് അധികൃതർ വ്യക്തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ക്രൈംബ്രാഞ്ച് യൂണിറ്റ് ഒമ്പത് ബാന്ദ്ര വെസ്റ്റിലെ ഒരു വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന 1.5 കിലോഗ്രാം ചരസ് പിടിച്ചെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ബോറിവലിയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ മൂന്ന് പേരെ ആന്റി നാർക്കോട്ടിക്സ് സെൽ കസ്റ്റഡിയിലെടുത്തു. ഇവരിൽനിന്ന് 3.08 കോടി രൂപ വിലമതിക്കുന്ന 1.02 കിലോഗ്രാം മെഫെഡ്രോൺ പിടിച്ചെടുത്തു. നലസോപാരയിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.





