തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിലുള്ളത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദം മഴ ശക്തമാക്കുന്നു
അറബിക്കടലിലെ ന്യൂനമർദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലുമായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് വിലക്ക്
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.




