India Kerala News Politics

ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു പി.എസ്. ശ്രീരാമൻ: അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

ബിജെപി മുൻ ജില്ലാ പ്രസിഡണ്ടും ദേശീയ സമിതി അംഗവുമായിരുന്ന സ്വർഗീയ പി.എസ്. ശ്രീരാമന്റെ അനുസ്മരണ സമ്മേളനം ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

ബിജെപിയെ തൃശ്ശൂർ ജില്ലയിൽ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാന നേതാക്കളിൽ ഒരാളായിരുന്നു പി.എസ്. ശ്രീരാമനെന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അനുസ്മരിച്ചു. പ്രതികൂല സാഹചര്യങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിൽ ഉറച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും സമർപ്പണവും പുതിയ തലമുറയിലെ പ്രവർത്തകർക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന സമകാലിക സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കവെ, സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് വിഷയം വിചാരണയിലിരിക്കെ കോടതിയിലേക്ക് മാർച്ച് നടത്താനുള്ള പ്രതിപക്ഷ നീക്കം അപലപനീയമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഭരണഘടനാപരവും ഭരണപരവുമായ മാർഗങ്ങളിലൂടെ ഇടപെടുന്നതിന് പകരം രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ അതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് കലാപസമാനമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ആർഎസ്എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, ബിജെപി മേഖലാ പ്രസിഡന്റ് നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, എൻസിപി ജില്ലാ പ്രസിഡന്റ് ശ്യാം, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, പി.കെ. ബാബു, ജില്ലാ ട്രഷറർ വിജയൻ മേപ്രറത്ത്, മേഖലാ ജനറൽ സെക്രട്ടറി അനീഷ് ഇയാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *