Kerala News

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം; പിതാവായ ജഡ്ജിയെയും പ്രതിചേർത്തു

കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ്. ഇതിന്റെ ഭാഗമായി എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർ.സി ഉടമയായ പതിനേഴുകാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി പൊലീസിന് നൽകിയ മൊഴി. അതേസമയം, വാഹനത്തിന്റെ ആർ.സി ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.

പതിനേഴുകാരന് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നത് തടയാനുള്ള നടപടികളാണ് മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നത്. മോട്ടോർ വാഹന നിയമപ്രകാരമാണ് നടപടികൾ പരിഗണിക്കുന്നത്. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സസ്‌പെൻഡ് ചെയ്യാൻ നീക്കമുണ്ട്.

കേസിലെ തുടർനടപടികൾ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. നടപടികൾ ഏകോപിപ്പിക്കുന്നതിനായി എഡിജിപി പി. വിജയൻ ഇന്ന് കൊച്ചിയിലെത്തും. അപകടത്തിന് പിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ആർ.സി ഉടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്ത വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് വിവരം. അതേസമയം, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വൈകിട്ട് നാലുമണിക്കകം നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *