
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക് കടക്കുന്ന വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയുടെ രാജ്യത്തിനായുള്ള സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് താൻ ഒരു ലേഖനം എഴുതിയതായും പ്രധാനമന്ത്രി അറിയിച്ചു.
വിഭജനത്തിൻ്റെ ദുരിതങ്ങൾ നേരിടുകയും ജീവിതം പുതുതായി കെട്ടിപ്പടുക്കുകയും ചെയ്തതുമുതൽ ജനസംഘത്തെ ശക്തിപ്പെടുത്തി ബിജെപി രൂപീകരണത്തിന് നേതൃത്വം നൽകിയതുവരെയുള്ള അദ്വാനിയുടെ ജീവിതയാത്ര ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായി നിലകൊണ്ടതും സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയ്ക്ക് നേതൃത്വം നൽകിയതും ഭരണരംഗത്ത് രാജ്യത്തെ സേവിച്ചതും ലേഖനത്തിൽ ഉൾപ്പെടുത്തിയതായി മോദി വ്യക്തമാക്കി.
വായനയോടുള്ള അദ്വാനിയുടെ താൽപര്യം, സംസ്കാരത്തോടും സിനിമയോടുമുള്ള സ്നേഹം, എഴുത്തുകാരൻ എന്ന നിലയിലെ സംഭാവനകൾ തുടങ്ങിയ വ്യക്തിപരമായ സവിശേഷതകളും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
നവംബർ 8 അദ്വാനിയുടെ ജീവിതത്തിലെ നാഴികക്കല്ലായ ദിവസമാണെന്നും ഈ പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നതായും മോദി കുറിച്ചു.



