ന്യൂഡൽഹി: നവംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ നടക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് പരിപാടിയിൽ പങ്കെടുക്കും. ഗോത്രവർഗ സ്വാതന്ത്ര്യസമര നായകൻ ധർത്തി ആബാ ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. രാവിലെ 11ന് വീഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധനയും ചെയ്യും.
പരിപാടിയുടെ ഭാഗമായി ഏകദേശം 3,000 കോടി രൂപയുടെ 246 വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഗോത്രവർഗ മേഖലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയാണ് പദ്ധതികളുടെ ലക്ഷ്യം.
ഗോത്രവിദ്യാർഥികൾക്കായുള്ള 38 ഏക്ലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. പി.എം-ജൻമൻ പദ്ധതിയുടെ ഭാഗമായി 100 ബഹുഉദ്ദേശ കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. കൂടാതെ 19 പുതിയ ഏക്ലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും 12 ഗോത്രവർഗ ബഹുഉദ്ദേശ വിപണന കേന്ദ്രങ്ങൾക്കും തറക്കല്ലിടും.
അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടവും മിസോറാമിലെ ഐസോളിലുള്ള റോപുയിലിയാനി ട്രൈബൽ ഫ്രീഡം ഫൈറ്റർ മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നവംബർ 1 മുതൽ 15 വരെ രാജ്യവ്യാപകമായി ആചരിച്ചുവരുന്ന ജൻജാതീയ ഗൗരവ് പക്ഷ്വാഡയുടെ സമാപനവും ഇതോടെ കുറിക്കും. ഗോത്രവിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ പക്ഷ്വാഡയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.




