Health India News Politics

ഡൽഹി-എൻസിആറിലെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ വിലയിരുത്തി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

ന്യൂഡൽഹി: ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് വിലയിരുത്തി.

ഇതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിവിധ സംസ്ഥാനങ്ങൾ തയ്യാറാക്കിയ കർമപദ്ധതികളുടെ നിർവഹണവും പരിശോധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻസിആർ സംസ്ഥാന സർക്കാരുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മന്ത്രി 30ലധികം അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ട്.

ഡൽഹി പരിസ്ഥിതി മന്ത്രി സർദാർ മൻജീന്ദർ സിങ് സിർസ, ഹരിയാന മന്ത്രി റാവു നർബീർ സിങ്, ഉത്തർപ്രദേശ് മന്ത്രി അരുൺ കുമാർ സക്സേന എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

പരിസ്ഥിതി മന്ത്രാലയത്തിലെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എൻസിആർ സംസ്ഥാനങ്ങൾ കൈവരിച്ച പുരോഗതി വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ (CAQM) അംഗം സെക്രട്ടറി തരുൺ പിതോഡെ അവതരിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ കർമപദ്ധതികൾ പ്രായോഗികതലത്തിൽ എത്രത്തോളം നടപ്പാക്കിയെന്നും ഇനി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും CAQM ചെയർമാൻ രാജേഷ് വർമ്മ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *