Culture Kerala News Politics

തലക്കര ചന്തു; ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ധീരൻ

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് കാടിന്റെ മക്കളെ സംഘടിപ്പിച്ച മഹാനായ തലക്കര ചന്തു എന്ന വനവാസിപ്പോരാളിയുടെ ജീവിതം എല്ലാ തലമുറകളെയും എക്കാലത്തും പ്രചോദിപ്പിക്കുന്നതാണ്. അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് വനത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ജനതയെ എങ്ങനെ സജ്ജരാക്കാം എന്നതിന്റെ മഹത്തായ സംഘാടനപാടവം തലക്കര ചന്തുവിന്റെ ജീവിതത്തില്‍ നമുക്ക് കാണാം. ആധുനിക ആയുധങ്ങളുടെ പ്രയോഗങ്ങള്‍ക്കു മുമ്പില്‍ ചെറുത്തുനില്‍ക്കാനും ഒരു പരിധിവരെ പരാജയപ്പെടുത്താനും പാരമ്പര്യ ആയുധങ്ങള്‍ക്ക് കഴിയും എന്നതിന് തലക്കര ചന്തുവിന്റെ പോരാട്ടങ്ങള്‍ തെളിവാണ്. ബ്രിട്ടീഷ് ആധിപത്യ പരിശ്രമങ്ങള്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലധികം കാലം അവിശ്രമം സന്ധിയില്ലാതെ പോരാടിയ കുറിച്യപ്പടത്തലവന്‍ എന്ന നിലയിലും തലക്കര ചന്തുവിന്റെ ജീവിതം പ്രേരണാദായകമാണ്.

തലക്കര ചന്തു ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചിട്ട് 221 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 1805 നവംബര്‍ 15ന് വയനാട് ജില്ലയിലെ ഇന്നത്തെ പനമരം പഞ്ചായത്തില്‍ പനമരത്തുകോട്ടയിലെ കോളിമരച്ചുവട്ടില്‍ വച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഗളച്ഛേദം ചെയ്യുകയായിരുന്നു. ബ്രിട്ടീഷുകാരോട് ചെയ്ത ‘ദ്രോഹ’ങ്ങള്‍ എണ്ണിപ്പറഞ്ഞ് ജനകീയ വിചാരണക്കൊടുവില്‍ പരസ്യമായാണ് തലക്കര ചന്തു ഗളച്ഛേദം ചെയ്യപ്പെട്ടത്.

പനമരത്തുകോട്ടയില്‍ വെച്ച് തന്നെ ചന്തുവിനെ വധിക്കണമെന്നത് അന്നത്തെ ബ്രിട്ടീഷ് സബ് കലക്ടറായിരുന്ന തോമസ് ഹാര്‍വെ ബാബറുടെ നിര്‍ബന്ധമായിരുന്നു. പനമരത്തു നിന്നും 30 കിലോമീറ്റര്‍ അപ്പുറത്തുള്ള പുല്‍പ്പള്ളിയില്‍ മാവിലാന്തോട് വനാന്തരത്തില്‍ വച്ച് ജീവനോടെ പിടികൂടി ബന്ധിച്ചശേഷം അതിക്രൂരമായ പീഡനങ്ങള്‍ ഏല്‍പ്പിച്ചാണ് ചന്തുവിനെ പനമരത്ത് എത്തിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ത്തന്നെ വധിക്കണമെന്ന ചാരന്മാരുടെ നിര്‍ദേശത്തെ അവഗണിച്ച് കനത്ത സുരക്ഷയില്‍ തലക്കര ചന്തുവിനെ പനമരത്ത് എത്തിച്ചതിന് പിന്നില്‍ ബ്രിട്ടീഷുകാര്‍ക്ക് ആ വനവാസി പോരാളിയോട് ഉണ്ടായിരുന്ന കൊടുംപകയാണ് വെളിവാകുന്നത്.

അതേ പനമരത്ത് കോട്ടയില്‍ വച്ചാണ് വധിക്കപ്പെടുന്നതിന് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് തലക്കര ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യപ്പട അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ആക്രമിച്ചത്. അതുവരെയുള്ള ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട അതിശക്തവും രക്തരൂഷിതവുമായ പോരാട്ടങ്ങളില്‍ ഒന്നായിരുന്നു പനമരം മിലിറ്ററി പോസ്റ്റ് ആക്രമണം. 1802 ഒക്ടോബര്‍ 11ന് നടന്ന പനമരം ബ്രിട്ടീഷ് മിലിറ്ററി പോസ്റ്റ് ആക്രമണം തലക്കര ചന്തുവിന്റെ ജീവിതത്തിലെ ഐതിഹാസികമായ പോരാട്ടം ആയിരുന്നു.

150 പേര്‍ വരുന്ന കുറിച്യ പടയാളി സംഘമാണ് ഈ ആക്രമണത്തില്‍ പങ്കാളികളായത്. പനമരത്തെ സൈനിക പോസ്റ്റില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മിലിട്ടറി ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ഡിക്കിന്‍സണും മാക്‌സ് വെല്ലും മാത്രമല്ല 70 ബ്രിട്ടീഷ് സൈനികരും ആ പോരാട്ടത്തില്‍ വധിക്കപ്പെട്ടു. മാത്രമല്ല ആ പോസ്റ്റിലെ എല്ലാ ആയുധസാമഗ്രികളും പ്രക്ഷോഭകാരികള്‍ തട്ടിയെടുക്കുകയും മുഴുവന്‍ കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇത് പിന്നീടുള്ള സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ പ്രേരണയും പ്രചോദനവുമായിത്തീര്‍ന്നു എന്നതില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *