Uncategorized

ജനാധിപത്യം ശക്തിപ്പെടുത്താൻ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം അനിവാര്യം: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനും മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമമേഖലയ്ക്കും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും അനുസരിച്ച് മാധ്യമപ്രവർത്തകർ സ്വയം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹിയിലെ ആകാശവാണി ഭവനിലെ രംഗ്ഭവൻ ഓഡിറ്റോറിയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ പത്രദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേതിനേക്കാൾ വലുതായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യുവ മാധ്യമപ്രവർത്തകർ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുകയും തുടർച്ചയായി നൈപുണ്യങ്ങൾ വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

‘ജേണലിസം: പോപ്പുലിസ്റ്റ് ഓർ റെസ്പോൺസിബിൾ’ എന്നതായിരുന്നു ഈ വർഷത്തെ ദേശീയ പത്രദിനത്തിന്റെ പ്രമേയം. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും വിവരവിനിമയത്തിലെ വേഗത്തിലുള്ള മാറ്റങ്ങളും മാധ്യമപ്രവർത്തനത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളാണ് പ്രമേയം ചർച്ച ചെയ്യുന്നത്.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ രജത് ശർമ, പ്രസ് കൗൺസിൽ അംഗം ഡോ. സുധാൻഷു ത്രിവേദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *