ചെമ്പൈ സംഗീതോത്സവം ആസ്വദിക്കാൻ സംഗീതപ്രേമി കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനെത്തി. ഒരു മണിക്കൂറോളം മകളോടൊപ്പം സംഗീത മണ്ഡപത്തിനടുത്ത് അനൗൺസ്മെൻ്റ് വേദിയിലിരുന്ന് കച്ചേരി ആസ്വദിച്ചു. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, കാവാലം ശ്രീകുമാർ എന്നിവർ നയിച്ച വിശേഷാൽ കച്ചേരി നടക്കുമ്പോഴാണ് കളക്ടർ എത്തിയത്.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ദേവസ്വം ജീവനക്കാർ, സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം കച്ചേരി മുഴുവൻ അവർ ആസ്വദിച്ചു. കച്ചേരി കഴിഞ്ഞതോടെ ദേവസ്വം ചെയർമാൻ്റെ അഭ്യർത്ഥന മാനിച്ച് ജയചന്ദ്രനും കാവാലം ശ്രീകുമാറിനും പക്കമേളം ഒരുക്കിയ കലാകാരൻമാർക്ക് ഉപഹാരവും നൽകിയാണ് കളക്ടർ മടങ്ങിയത്.





