Entertainment Kerala Law News

ഗണേഷ് കുമാർ മാപ്പുപറഞ്ഞു; വിവാദം അവസാനിപ്പിക്കാനാണ് താൽപര്യമെന്ന് ബിന്ദു മേനോൻ

ഫോണിൽ വിളിച്ച് പ്രശ്നം സംസാരിച്ച് പരിഹരിക്കാമെന്ന് ഉറപ്പ്; പരാതി നൽകില്ലെന്ന് വ്യക്തമാക്കി

പത്തനാപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പുതിയ വഴിത്തിരിവ്. അസ്വാരസ്യങ്ങൾക്കൊടുവിൽ ഗണേഷ് കുമാർ മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ അറിയിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ ഫോണിൽ വിളിച്ചുവെന്നും ഇത് ഒരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞതായി ബിന്ദു മേനോൻ വ്യക്തമാക്കി. ഗണേഷിനെ വ്യക്തിപരമായി ഉപദ്രവിക്കാനോ പ്രതികാര നടപടികൾ സ്വീകരിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഗണേഷ് കുമാർ തന്നെ മാപ്പുപറയാനാണ് കാത്തിരുന്നതെന്നും പ്രശ്നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. അതിനാൽ ഗണേഷിനെതിരെ പരാതി നൽകില്ലെന്നും അവർ വ്യക്തമാക്കി. “ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തെ വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ,” എന്നും ബിന്ദു മേനോൻ പറഞ്ഞു.

ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ വലിയ വിവാദമായതോടെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയരംഗത്ത് ചർച്ചകൾ ശക്തമായിരുന്നു. മന്ത്രിസഭാ യോഗത്തിൽ രാജി സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ ക്ഷമാപണം വിവാദത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

ഇതിന് മുമ്പ്, ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ ഉന്നയിച്ചിരുന്നത്. മന്ത്രിയുടെ വീട്ടിൽ വളരെ മോശമായ സാഹചര്യം നേരിട്ടുവെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. താൻ കണ്ട കാര്യങ്ങൾ പുറത്ത് പോകാതിരിക്കാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ മർദ്ദിച്ചെന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചിരുന്നു.

മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവറും സ്റ്റാഫംഗങ്ങളും തന്നെ തടഞ്ഞുവെച്ചതായും, സംഭവത്തിന്റെ ചിത്രം എടുത്തതോടെ തന്റെ ജീവന് അപകടമുണ്ടാകുമെന്ന ഭയം തോന്നിയതായും അവർ പറഞ്ഞിരുന്നു. സഹായത്തിനായി 112 എന്ന നമ്പറിൽ പോലീസിനെ വിളിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് അവർ പോയെന്നും ബിന്ദു പരാതിപ്പെട്ടിരുന്നു.

ഇതിനിടെ, വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ താൽപര്യമില്ലെന്ന് ബിന്ദു മേനോൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗണേഷ് കുമാറിന്റെ ക്ഷമാപണത്തോടെ വിവാദം ഒതുങ്ങുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *