ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനെതിരായ പോരാട്ടം വ്യക്തികളിൽ നിന്ന് ആരംഭിച്ച് രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി വളരണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. മയക്കുമരുന്ന് മുക്ത ഭാരതം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, ആരോഗ്യപ്രവർത്തകർ, നിയമപാലന ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവർ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ (RGUHS) 31-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ദിശാബോധ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ‘നശാ മുക്ത് ഭാരത് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ദുരുപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല മറിച്ച് വിദ്യാഭ്യാസം, ഉത്പാദനക്ഷമത, സാമൂഹിക ഐക്യം, രാജ്യത്തിൻ്റെ വികസനം എന്നിവയെയും ഗുരുതരമായി ബാധിക്കുന്ന വെല്ലുവിളിയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ആസക്തി ചികിത്സ (Addiction Medicine), മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ കൂടുതൽ ഗവേഷണം നടത്തേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് ദുരുപയോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനങ്ങൾ, മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





