ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ഹൃദയപൂർവം ആശംസകൾ നേർന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിക്കാൻ പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ അസാമാന്യ ധൈര്യവും ത്യാഗവും സമർപ്പണവും ഓർമിക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികൾ കണ്ട സ്വപ്നങ്ങളും ഉയർത്തിപ്പിടിച്ച ആശയങ്ങളും ഇന്നും രാജ്യത്തിന് പ്രചോദനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഒരുമിച്ച് മുന്നേറാനും അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.
140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയിൽ രാജ്യം വിവിധ മേഖലകളിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. വരും വർഷങ്ങളിൽ ഈ വികസന യാത്ര കൂടുതൽ വേഗത്തിൽ മുന്നേറുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ആശംസകൾ നേർന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ധൈര്യവും പോരാട്ടവും സമർപ്പണവും ഓർമപ്പെടുത്തുന്ന ദേശീയ ഉത്സവമാണ് സ്വാതന്ത്ര്യദിനമെന്നും അദ്ദേഹം കുറിച്ചു.





