ന്യൂഡൽഹി: എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതോ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ശരിയായ അന്വേഷണം നടക്കാത്തതോ സംബന്ധിച്ച പരാതികളിൽ നിയമത്തിലുള്ള പരിഹാരമാർഗങ്ങൾ തേടണമെന്ന് സുപ്രിം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹൈക്കോടതിയുടെ അസാധാരണ അധികാരപരിധിയെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് നിയമം നിർദേശിക്കുന്ന പരിഹാരമാർഗങ്ങൾ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്
സുജൽ വിശ്വാസ് അത്താവർ വേഴ്സസ് മഹാരാഷ്ട്ര (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. സകിരി വാസു വേഴ്സസ് സ്റ്റേറ്റ് ഓഫ് യു.പി. (2008) കേസിലെ വിധിന്യായത്തെ ആശ്രയിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
തുല്യമായി ഫലപ്രദമായ നിയമപരമായ പരിഹാരമാർഗങ്ങൾ ലഭ്യമായിരിക്കെ ആർട്ടിക്കിൾ 226 പ്രകാരമുള്ള റിട്ട് അധികാരപരിധിയോ ക്രിമിനൽ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പിന് കീഴിലുള്ള അധികാരമോ സാധാരണയായി ആദ്യം പ്രയോഗിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സാഹചര്യങ്ങളുടെ അടിയന്തര സ്വഭാവത്തിനനുസരിച്ച് ഇടപെടൽ അനിവാര്യമാക്കുന്ന പ്രത്യേക സന്ദർഭങ്ങളിൽ കോടതിക്ക് ഇടപെടാനാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS) പ്രകാരം ക്രിമിനൽ നടപടി ആരംഭിക്കുന്നതിന് കൃത്യമായ ക്രമം നിലവിലുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോഗ്നിസബിൾ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരം ആദ്യം BNSS 173(1) പ്രകാരം പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥന് നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വേണം.
പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ, പരാതിക്കാരന് BNSS 173(4) പ്രകാരം ബന്ധപ്പെട്ട സൂപ്രണ്ട് ഓഫ് പൊലീസിനെ (SP) സമീപിക്കാം. അവിടെയും പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ BNSS 175(3) പ്രകാരം മജിസ്ട്രേറ്റിനെ സമീപിക്കാവുന്നതാണ്.
എഫ്‌ഐആർ രജിസ്ട്രേഷനും പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി നിയമം നിർദേശിച്ചിരിക്കുന്ന ഈ ഘട്ടങ്ങൾ സാധാരണയായി പാലിക്കേണ്ടതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അടിയന്തര ഇടപെടൽ ആവശ്യമായ പ്രത്യേക സാഹചര്യങ്ങൾ ഒഴികെ, നിയമപരമായ പരിഹാരമാർഗങ്ങൾ ആദ്യം പ്രയോജനപ്പെടുത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി.





