ഭുവനേശ്വർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഒഡിഷയിലെ ആറ് ജില്ലകളിൽ വീണ്ടും പ്രളയം. 41,000ത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ബാലസോർ, മയൂർഭഞ്ജ്, ഭദ്രക്, ജാജ്പൂർ, സുന്ദർഗഢ്, കിയോൻജാർ ജില്ലകളിലെ 52 ബ്ലോക്കുകളിലായി 429 ഗ്രാമങ്ങളെ പ്രളയം ബാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ അടിയന്തരമായി എത്തിച്ചേരുന്നതിനും പാകം ചെയ്ത ഭക്ഷണം, സുരക്ഷിതമായ കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നത്.
പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു.




