കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പെൺകുട്ടികളെ കേന്ദ്രസർക്കാരിൻ്റെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച അറിയിച്ചു.
മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പെൺകുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ആരംഭിച്ച പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’.
ശിശുക്കളുടെ ലിംഗാനുപാതത്തിലെ ഇടിവ് തടയുകയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് കുറയ്ക്കുകയും ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.





