Kerala News Politics

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിൽ കോൺഗ്രസ് ഗുണ്ടായിസം; ബിജെപി കൗൺസിലർമാർക്ക് മർദ്ദനം

സ്കൂൾ ഗെയിംസ് പന്തൽ തകർന്നതിലെ അഴിമതിയും ഭരണസമിതിയുടെ വീഴ്ചയും ചോദ്യം ചെയ്തതിനാണ് ആക്രമണം — ജസ്റ്റിൻ ജേക്കബ്

അക്രമം കൊണ്ട് അഴിമതി മൂടിവയ്ക്കാമെന്ന് കോൺഗ്രസ് കരുതേണ്ട; അതിശക്തമായി തിരിച്ചടിക്കും

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശ്ശൂർ അക്വാറ്റിക് കോംപ്ലക്സിൽ സ്ഥാപിച്ച പന്തൽ തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിലെ വീഴ്ചകളും അഴിമതി ആരോപണങ്ങളും കോർപ്പറേഷൻ കൗൺസിലിൽ ഉന്നയിച്ച ബിജെപി കൗൺസിലർമാരെ കോൺഗ്രസ് കൗൺസിലർമാർ ആക്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്.

ഇന്ന് നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെയാണ് ബിജെപി കൗൺസിലർമാരായ കൃഷ്ണമോഹൻ, വിൻഷി അരുൺകുമാർ, അഡ്വ. രേഷ്മ എം. മേനോൻ എന്നിവർക്ക് പരിക്കേറ്റത്. പരിക്കേറ്റ കൗൺസിലർമാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജസ്റ്റിൻ ജേക്കബ് ആശുപത്രിയിലെത്തി അവരെ സന്ദർശിച്ചു.

സ്കൂൾ ഗെയിംസിനായി അപകടകരമായ രീതിയിൽ പന്തൽ സ്ഥാപിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഭരണസമിതിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയും അഴിമതിയും ഉണ്ടായിട്ടുണ്ടെന്ന ആരോപണമാണ് ബിജെപി കൗൺസിലർമാർ കൗൺസിലിൽ ഉന്നയിച്ചതെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടക്കുന്ന സംവിധാനത്തിലെ വീഴ്ചകൾ ചോദ്യം ചെയ്യുമ്പോൾ മറുപടി നൽകുന്നതിന് പകരം ബിജെപി കൗൺസിലർമാരെ കൈയേറ്റം ചെയ്യുകയാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

കൗൺസിലർ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപി കൗൺസിലർമാരെ ആക്രമിച്ചതെന്ന് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. കോർപ്പറേഷൻ കൗൺസിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട ജനാധിപത്യ വേദിയാണ്. അതിനെ കോൺഗ്രസ് കൗൺസിലർമാരുടെ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനുള്ള വേദിയാക്കി മാറ്റാൻ അനുവദിക്കില്ല.

അഴിമതിക്കും ഭരണവീഴ്ചയ്ക്കുമെതിരെ ശബ്ദമുയർത്തുന്ന ബിജെപി കൗൺസിലർമാരെ അക്രമം കൊണ്ട് നിശബ്ദരാക്കാമെന്ന് കോൺഗ്രസ് കരുതേണ്ട. ബിജെപി കൗൺസിലർമാർക്ക് നേരെ ഗുണ്ടായിസം കാണിച്ചാൽ അതേ രാഷ്ട്രീയ ഭാഷയിൽ അതിശക്തമായ രീതിയിൽ തിരിച്ചടിക്കാൻ ബിജെപി നിർബന്ധിതമാകും. അക്രമത്തിന്റെ രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം കോൺഗ്രസ് തന്നെ നേരിടേണ്ടിവരും.

വിദ്യാർത്ഥികളുടെ സുരക്ഷയെ പോലും അവഗണിച്ചുകൊണ്ട് നടന്ന സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തുകയും പന്തൽ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതികളും നടപടിക്രമങ്ങളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിക്കുകയും വേണം. അഴിമതി പുറത്തുവരുമെന്ന ഭയമാണ് കോൺഗ്രസ് കൗൺസിലർമാരെ അക്രമത്തിലേക്ക് നയിച്ചതെന്ന സംശയം ജനങ്ങൾക്കിടയിൽ ശക്തമാണ്.

കൗൺസിൽ യോഗത്തിൽ ജനാധിപത്യപരമായി ചോദ്യങ്ങൾ ഉന്നയിച്ച ബിജെപി കൗൺസിലർമാരെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.

അക്രമം കൊണ്ടോ ഗുണ്ടായിസം കൊണ്ടോ ബിജെപിയുടെ ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്താൻ കോൺഗ്രസിന് കഴിയില്ല. അഴിമതിക്കെതിരെ ബിജെപി ഉയർത്തിയ ചോദ്യം കൂടുതൽ ശക്തമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *