
വിചാരണക്കോടതി വിധിക്കെതിരെ 300 പേജുള്ള അപ്പീൽ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് കേസിലെ പ്രതികളായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയത്. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
നെടുമ്പാശ്ശേരി എസ്.എച്ച്.ഒ മുഖേനയാണ് പ്രതികൾക്ക് നോട്ടീസ് നൽകുക. വിചാരണക്കോടതി വിധിയിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി ഏകദേശം 300 പേജുകളുള്ള വിശദമായ അപ്പീലാണ് സർക്കാർ സമർപ്പിച്ചിരിക്കുന്നത്.
കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. കേസിലെ തുടർ നടപടികൾ നോട്ടീസ് ലഭിച്ചശേഷം കോടതി പരിഗണിക്കും.





