ന്യൂഡൽഹി: നിയന്ത്രിത സ്ഫോടക വസ്തുക്കൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിൽപ്പനയ്ക്ക് ലഭ്യമാക്കിയ സംഭവത്തിൽ ExportersIndia.com നടത്തിപ്പുകാരായ വെബ്‌ലിങ്ക്.ഇൻ പ്രൈവറ്റ് ലിമിറ്റഡിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ചുമത്തിയ 20 ലക്ഷം രൂപ പിഴ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (NCDRC) ശരിവെച്ചു. നവംബർ 12-ന് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൂടെയാണ് കമ്പനിയുടെ അപ്പീലുകൾ തള്ളിയത്.
അമോണിയം നൈട്രേറ്റ്, PETN, പിക്രിക് ആസിഡ് തുടങ്ങിയ നിയന്ത്രിത സ്ഫോടക വസ്തുക്കൾ മതിയായ സുരക്ഷാ പരിശോധനകളോ വിൽപ്പന ലൈസൻസ് സ്ഥിരീകരണമോ ഇല്ലാതെ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ചതിനാണ് നടപടി. ഓരോ വിഷയത്തിലും 10 ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.
വിൽപ്പനക്കാരുടെ PESO ലൈസൻസ് പരിശോധിക്കാതിരിക്കുക, വാങ്ങുന്നവരുടെ തിരിച്ചറിയലും നിയമപരമായ അനുമതിയും ഉറപ്പാക്കാതിരിക്കുക, സ്ഫോടക വസ്തുക്കളുടെ നിയമപരമായ നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്ലാറ്റ്‌ഫോം ഒരു ഇടനിലക്കാരൻ മാത്രമാണെന്ന കമ്പനിയുടെ വാദവും അംഗീകരിച്ചില്ല.
നിയന്ത്രിത സ്ഫോടക വസ്തുക്കളുടെ ലിസ്റ്റിങ്, പരസ്യം, വിൽപ്പനയ്ക്കുള്ള സൗകര്യം എന്നിവ സ്ഥിരമായി നിർത്താനും കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈൻ നമ്പറായ 1915-ൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.





