Court Kerala Law News

സഹോദരനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവ്

തൃശൂർ: സഹോദരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും 25,500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കണമെന്നും തൃശൂർ സെക്കൻഡ് അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി കെ.എം. ശ്രീദേവി ഉത്തരവിട്ടു.

മണലൂർ വില്ലേജിലെ കരിപ്പുറം ഹൗസിൽ അശോകന്റെ മകൻ അഭിലാഷിനെയാണ് ശിക്ഷിച്ചത്. സഹോദരനായ അനീഷിനൊപ്പം താമസിച്ചിരുന്ന വീട് സ്വന്തം പേരിലേക്ക് മാറ്റിനൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. കുടുംബം താമസിക്കുന്ന വീടിന്റെ മുൻവശത്തുവെച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് അനീഷിന്റെ തലയിലും ഇടത് പുരികത്തിനു സമീപവും അടിക്കുകയായിരുന്നു. ആക്രമണത്തിൽ അനീഷിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു.

കേസിൽ അന്തിക്കാട് പൊലീസ് എസ്.ഐ. ആയിരുന്ന സുധീഷ് കുമാറാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ. പ്രശാന്ത് ക്ലീൻ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി.

പോലീസ് ലൈസൺ ഓഫീസർ സുനോജ് ദാസ് പ്രോസിക്യൂഷനെ സഹായിച്ചു. അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം. പ്രതിഭ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *