ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറിനും ഭരണഘടനാ നിർമാണ സഭയിലെ പ്രമുഖ അംഗങ്ങൾക്കും പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അമൂല്യ പൈതൃകമാണ് ഭരണഘടനയെന്ന് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിൽ ഭരണഘടന തുടർന്നും വഴികാട്ടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂല്യങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രതിബദ്ധതയും പ്രധാനമന്ത്രി ആവർത്തിച്ചു.
ഇതിനൊപ്പം, ജ്ഞാനികളായ പണ്ഡിതർ ആലോചിച്ച് രൂപപ്പെടുത്തിയതും വ്യക്തമായി നിർവചിച്ചതുമായ നയങ്ങളും തത്വങ്ങളും കാലാതീതമായി നിലനിൽക്കുമെന്ന ആശയം പ്രതിഫലിപ്പിക്കുന്ന സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചു.





