കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വെള്ളിയാഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. കർണാടകയിലെ പുതിയ സർക്കാർ രൂപീകരണവും പാർട്ടിയിലെ ഭാവി ചുമതലകളും സംബന്ധിച്ചായിരുന്നു ചർച്ച.
10 ജനപഥിൽ സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പാർട്ടി നിർദേശപ്രകാരം രാജിവെച്ചതായി രാഹുൽ ഗാന്ധിയെ അറിയിച്ച സിദ്ധരാമയ്യ, കർണാടകയിൽ സേവനം ചെയ്യാനുള്ള അവസരം നൽകിയതിന് നന്ദിയും അറിയിച്ചു. പുതിയ മന്ത്രിസഭയിൽ തൻ്റെ അനുയായികൾക്കും മകനും പ്രധാന സ്ഥാനം ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചതായാണ് റിപ്പോർട്ട്.
തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പുതിയ സർക്കാർ രൂപീകരണവും പാർട്ടിയിലെ ഭാവി ചുമതലകളും ചർച്ച ചെയ്യപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, അടുത്ത കർണാടക മുഖ്യമന്ത്രിയായി പരിഗണിക്കപ്പെടുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായി പ്രത്യേക ചർച്ചകൾ നടത്തും.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ശനിയാഴ്ച നടക്കാനാണ് സാധ്യത.





