ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണവുമായി ഡൽഹി കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തിൽ വോട്ടവകാശം സംരക്ഷിക്കണമെന്ന് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ പ്രചാരണത്തിന്റെ ഭാഗമായി ചാന്ദ് റാം അഖാഡയിൽ നിന്ന് സിവിൽ ലൈൻസിലെ ഡോ. അംബേദ്കർ ദേശീയ സ്മാരകത്തിലേക്കായിരുന്നു മാർച്ച്. ദേശീയ പതാകയും ഭരണഘടനയുടെ പകർപ്പുകളും സമത്വത്തിന്റെ പ്രതീകമായ തുലാസും കൈയിലേന്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.
ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയ പ്രതിഷേധക്കാർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.





