India Kerala Law News Politics

ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് നിയമങ്ങൾ രൂപീകരിക്കേണ്ടതെന്നും എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാകണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ വ്യാഴാഴ്ച നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ നിർമാണസഭ ഏകീകൃത സിവിൽ കോഡ് ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. മതഭേദമന്യേ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമവ്യവസ്ഥയ്ക്ക് കീഴിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു, സിഖ്, മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം ബാധകമാകണമെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ രൂപീകരിക്കരുതെന്നും അമിത് ഷാ വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

ബിജെപി സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നിലവിൽ ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *