മലപ്പുറം: 2027 ജനുവരി 15 മുതൽ മാർച്ച് 6 വരെ തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് നടക്കാനിരിക്കുന്ന മഹാമാഘ മഹോത്സവത്തിന് മുന്നോടിയായി ജൂനാ അഖാഡ മഹാമണ്ഡലേശ്വർ ശ്രീ ആനന്ദവനം ഭാരതി സ്വാമി അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.
മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ദേവിയുടെ അനുഗ്രഹവും അനുവാദവും തേടി അദ്ദേഹം പ്രത്യേക പ്രാർത്ഥനകൾ നടത്തി. ക്ഷേത്രത്തിലെത്തിയ സ്വാമിയെ ആയിരനാഴി കോവിലകത്ത് കാളിദാസ രാജ, കടന്നമണ്ണ കോവിലകത്ത് രാജരാജവർമ്മ, മങ്കട കോവിലകത്ത് കൃഷ്ണകുമാരവർമ്മ എന്നിവരും, മഹാമാഘ മഹോത്സവ സമിതി ചെയർമാൻ കിഴക്കേ കോവിലകം ദിലീപ് രാജ, വർക്കിങ് ചെയർമാൻ വിനയകുമാർ, ജനറൽ കൺവീനർ സി.പി. രാജൻ, സമിതി പ്രസിഡന്റ് സജിത്ത് മാസ്റ്റർ എന്നിവരും ചേർന്ന് സ്വീകരിച്ചു.
ചടങ്ങിന് ശേഷം, വരാനിരിക്കുന്ന മഹാമാഘ മഹോത്സവത്തിലേക്ക് അദ്ദേഹം എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു.





