Kerala News

‘ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ്’ – സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത്

സിനിമാ നയത്തിന്റെ കരട് തയാറാക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ്‌ പ്രക്രിയയെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 2019-ൽ സമർപ്പിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി സമഗ്രമായ സിനിമാ നയം നടപ്പിലാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ “കോൺക്ലേവ്‌” എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തന്നെ മനസ്സിലാകുന്നില്ലെന്ന് പാർവതി അഭിപ്രായപ്പെട്ടു.

പാർവതി സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇരകൾക്ക് വേണ്ടി നീതി ലഭ്യമാക്കണം, വേതനവിവേചനം തടയണം” എന്നുള്ള ആവശ്യങ്ങൾ മുന്നോട്ടുവെച്ചതോടെ, “സർവൈവർമാരെ സംരക്ഷിക്കാൻ സർക്കാർ തന്നെ ഇടപെടണം” എന്ന ആവശ്യം മുന്നോട്ട് വച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നുവെങ്കില്‍ അത് പലര്‍ക്കും ഉപയോഗപ്പെട്ടേനെയെന്നും ഡബ്ലുസിസി അംഗം കൂടിയായ പാര്‍വതി തിരുവോത്ത് അഭിപ്രായപ്പെട്ടു. വിശദമായ പഠനങ്ങള്‍ ഡബ്ല്യുസിസി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വൈകുന്നത് നീതി നിഷേധമാണ്. സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. പൊതുസമൂഹം ഇന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഡബ്ല്യുസിസി അത് ഏഴ് വര്‍ഷം മുമ്പ് ചോദിച്ച് തുടങ്ങി. ഇനി ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നമല്ല പൊതു സമൂഹത്തിന്റേത് കൂടിയായി മാറി. മിനിമം പക്വതയുള്ളിടത്തെ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ.നടപടിയില്ലാതെ ഡബ്ല്യുസിസി പിന്നോട്ടില്ലെന്നും പാര്‍വതി പറഞ്ഞു.

ഹേമ കമ്മിറ്റി അംഗമായ നടി ശാരദ പറഞ്ഞതില്‍ ഒരു സത്യവുമില്ലെന്ന് പാര്‍വതി പറഞ്ഞു. വസ്ത്രമല്ല പീഡനത്തിന് കാരണം. പീഡനത്തിന് കാരണം സ്ത്രീയെന്നത് മാത്രമാണെന്നും പാര്‍വതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *