ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റെയ്ഞ്ച് കോടശ്ശേരി റിസര്‍വ് വനത്തില്‍ മാരകായുധങ്ങളുമായി കടന്നുകയറി ആറ് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ 10 മുതല്‍ 15 കൂടി പ്രതികളായ മഞ്ചേരി നറുകര പട്ടേര്‍കുളം അടങ്ങാപ്പുറം മുഹമ്മദ് മിഷാല്‍ 26 വയസ്സ്, മലപ്പുറം പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാര്‍, 26 വയസ്സ്, മഞ്ചേരി നറുക ര തോട്ടംപുറം വീട്ടില്‍ മുഹമ്മദ് സുഹൈല്‍ 34 വയസ്സ്, പൂക്കാട്ടുര് ചോലയില്‍ വീട്ടില്‍ മുഹമ്മദ് ഫസലു റഹ്മാന്, 27 വയസ്സ്, മലപ്പുറം പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ മലപ്പുറം ഇല്ലിക്കത്തൊടി വീട്ടില്‍ ഉമ്മര്‍ ഐ.ടി., 41 വയസ്സ്, മലപ്പുറം ഡൗണ്‍ഹില്‍ ആലങ്ങാട് വീട്ടില്‍ ഫജാസ് പി.പി. 35 വയസ്സ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. പി. സെയ്തലവി ഉത്തരവായി.
ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ തമിഴ്നാട് സ്വദേശികളായ പ്രധാന പ്രതികള്‍ ആയുധങ്ങളുമായി റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കയറി ചന്ദന മരങ്ങള്‍ മുറിച്ച് കടത്തുകയായിരുന്നു. തുടര്‍ന്ന് മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ചന്ദനമാഫിയയുടെ കണ്ണികളായ ഈ പ്രതികളെ കണ്ടത്തിയത്. മുറിച്ചു കടത്തിയ ചന്ദനത്തടികള്‍ മുഹമ്മദ് അബ്രാര്‍ വാങ്ങി കൂട്ടുപ്രതികളുടെ സഹായത്തോടെ പോണ്ടിച്ചേരിയിലെ ഒരു ഫാക്ടറിയിലെക്ക് വില്പന നടത്തി ചന്ദന തൈലം ഉണ്ടാക്കി വിറ്റുവന്നിരുന്നതാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പ്രതികളുടെ പേരില്‍ നിരവധി ഫോറസ്റ്റ് കേസുകള്‍ ഉണ്ടെന്നും, കുപ്രസിദ്ധ ചന്ദനമാഫിയയിലെ കണ്ണികളാണ് പ്രതികളെന്നും അതിനാല്‍ പ്രതികള്‍ യാതൊരു വിധ ജാമ്യത്തിനും അര്‍ഹരല്ലെന്നും മറ്റുമുള്ള പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.