ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ് നടപടികൾ ശക്തമായത്.
സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. അതേസമയം, സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് അദ്ദേഹം ഒളിവിലാണെന്ന സൂചന നൽകുന്നു.
പരാതിക്കാരിയുടെ മൊഴിക്ക് ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
സിദ്ദിഖിനെതിരായ തെളിവുകളും കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചു.





