ശബരിമല ദർശനത്തിനുള്ള സംഘാടനങ്ങൾ മെച്ചപ്പെടുത്തി, തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയം വിശദീകരിച്ചു. എല്ലാ പ്രധാന പാതകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും, 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്
· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്
· മല കയറുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ ചെയ്ത് തുടങ്ങേണ്ടതാണ്
· സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക
· മല കയറുന്നതിനിടയിൽ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാൽ മല കയറുന്നത് നിർത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക
· 04735 203232 എന്ന നമ്പറിൽ അടിയന്തര സഹായത്തിനായി വിളിക്കാവുന്നതാണ്
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
· ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക
· പഴങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക
· പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്
· മലമൂത്രവിസർജ്ജനം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്. ശൗചാലയങ്ങൾ ഉപയോഗിക്കുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക
· മാലിന്യങ്ങൾ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക
· പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ലഭ്യമാണ്




